കോഴിക്കോട്: സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അടക്കം വലിയ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. അതോടൊപ്പം പഠന രീതികളിലും സമൂലമായ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നൂതനമായ ആശയങ്ങളെക്കുറിച്ച് നമ്മുടെ കുട്ടികള്‍ പഠിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തിലെ മറ്റേതൊരു സിലബസില്‍ പഠിക്കുന്ന കുട്ടികളോടും മത്സരിച്ചു നില്‍ക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന നിലയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുന്നതിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. വിദ്യാഭ്യാസ മേഖലയിലെ കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തെ മാറ്റങ്ങള്‍ അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍. സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിഭകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, വി.പി. ദുല്‍ഫിക്കര്‍ ,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത തുടങ്ങിയവര്‍സംസാരിച്ചു.


