അത്തോളി: വിദേശങ്ങളില്‍ പ്രവാസികള്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചിട്ടാണ് ഇന്നു കാണുന്ന സര്‍വ്വവിധ പുരോഗതിയും നാടിനുണ്ടായത്.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ പാകപ്പെടുത്തുന്നതില്‍ അതുപോലെ ലോക രാഷ്ട്രങ്ങള്‍ സാമ്പത്തികമായി ആടിയുലപ്പോഴൊക്കെ നമ്മുടെ കൊച്ചു കേരളത്തെ പോലും പിടിച്ചു നിര്‍ത്തിയത് പ്രവാസികളാണ്. പക്ഷെ അതൊന്നും കേന്ദ്ര കേരള സര്‍ക്കാറുള്‍ക്ക് വിചാരമില്ല. ഇതൊന്നും ഓര്‍ക്കാതെ ഈ രണ്ടു ഗവണ്മെന്റും പ്രവാസികളോട് വഞ്ചനാപരമായ നിലപാടുകളാണ് ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി പറഞ്ഞു.
‘അവകാശ സംരക്ഷണത്തിന്റെ ഏഴരപതിറ്റാണ്ട്’ പ്രമേയത്തില്‍ നടക്കുന്ന മുസ് ലിം ലീഗ് അത്തോളി പഞ്ചായത്ത് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തോളി വൈറ്റ് ഹൗസ് അബ്ദുല്ല നഗറില്‍ നടന്ന സംഗമത്തില്‍ പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ അരിമ്പ്രയെ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.സി. ഉമ്മര്‍ ആദരിച്ചു. പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി.കെ. റഷീദ്, മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത്, സി.കെ. അബൂബക്കര്‍, ലത്തീഫ് പൂനൂര്, അസ്ഗര്‍ അലി കേളോത്ത്, ജലീല്‍ പുനത്തില്‍, മുസ്തഫ ആലയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പുതിയ പ്രവാസി ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെയുംതിരഞ്ഞെടുത്തു.


