ഫറോക്ക്: ഉടമസ്ഥാവകാശം ഉണ്ടായിട്ടും ഭൂമി തണ്ണീര്‍ത്തടം, നഞ്ച എന്നിവയില്‍ ഉള്‍പ്പെട്ടതു കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റാതെ പ്രയാസമനുഭവിക്കുകയാണ് നിരവധി പേര്‍. ഭൂമി തരം മാറ്റുന്നതിന്റെ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ഡേറ്റാ ബാങ്ക്-നഞ്ച കൈവശ ഭൂമി ആക്ഷന്‍ കമ്മിറ്റി ഫറോക്കില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരുവന്‍തിരുത്തി, ഫറോക്ക് വില്ലേജുകളിലായി ഹെക്ടര്‍ കണക്കിനു ഭൂമിയാണ് ഡേറ്റാ ബാങ്കിലും നഞ്ചയിലും തെറ്റായി കയറിക്കൂടിയത്. ഈ സാഹചര്യത്തില്‍ ഡേറ്റാ ബാങ്ക്, നഞ്ച ഭൂമി തരം തിരിച്ചതിലെ അപാകതകള്‍ പരി ഹരിക്കണം എന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂമി കൈവശക്കാരുടെ കണ്‍വന്‍ഷന്‍ നാളെ വൈകിട്ടു 1 3ന് ഫറോക്ക് ഗവ.ഗണപത് ഹൈസ്‌കൂളില്‍ ചേരുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് പ്രകാശ് കറുത്തേടത്ത്, സെക്രട്ടറി കിളിയന്‍കണ്ടി ഭരതന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ഡേറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യും മുന്‍പ് ഉടമസ്ഥരെ വിവരം അറിയിക്കുകയോ അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാന്‍ തയാറായില്ല. കൃഷി-റവന്യൂ-തദ്ദേശ സ്ഥാപന അധികൃതരുടെ തെറ്റായ നടപടിയില്‍ ഭൂമിക്കു വില ഇല്ലാതാകുകയും വസ്തു ജാമ്യം നല്‍കി ബാങ്ക് വായ്പ എടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍പറഞ്ഞു.


