കോഴിക്കോട്∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപത്തുള്ള വീടിന് നേരെ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടക വസ്തു ഗെയ്റ്റിൽ തട്ടി പൊട്ടിത്തെറിച്ചു. ബോംബാണ് എറിഞ്ഞതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോംബ് അല്ലെന്നും പടക്കം പോലുള്ള സ്ഫോടക വസ്തുവാണിതെന്നുമാണ് പ്രാഥമിക പരിശോധനയിൽനിന്ന് മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.”ബൈക്കിൽ എത്തിയവരാണു സ്ഫോടക വസ്തു എറിഞ്ഞത്. ഭീതിപരത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കരുതുന്നു. രണ്ട് പേർ വൈകിട്ട് വീടിന് സമീപത്തായി ബൈക്കിൽ ചുറ്റിത്തിരിഞ്ഞതായി റിപ്പോർട്ടുണ്ട്. പൊലീസെത്തി പരിശോധന നടത്തി. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല”



