കോഴിക്കോട്: എന്‍എച്ച് 66ല്‍ അടിപ്പാത ഔദാര്യമല്ല അവകാശമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മടപ്പള്ളി അടിപ്പാതാ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരകാഹളം എന്ന പേരില്‍ ദ്വൈവാര ധര്‍ണാസമരം ആരംഭിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, ഓട്ടോറിക്ഷ തൊഴിലാളികളും, വ്യാപാരിവ്യവസായി സമിതി, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകളും തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ള മുഴുവന്‍ കലാ സാംസ്കാരിക സംഘടനകളും അടിപ്പാതാ കര്‍മ്മസമിതിക്ക് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരരംഗത്തുണ്ട്. സിപിഐഎമ്മിന്റെ ധര്‍ണ്ണാ സമരത്തോടുകൂടിയാണ് 14 ദിവസം നീണ്ടുനില്‍ക്കുന്ന സമരകാഹളം ആരംഭിച്ചത്.
4000ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രണ്ട് ഹൈസ്കൂളുകളും, 2000ത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മടപ്പള്ളി ഗവണ്മെന്റ് കോളേജിനെയും പരിഗണിക്കാതെ 2 സ്ഥാപനങ്ങളുടെയും നടുവില്‍ ആര്‍ക്കും ഉപകാരപ്പെടാത്ത സ്ഥലത്ത് അടി പാത അനുവദിച്ചതെന്നാണ് ആരോപണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിജെപി, ആര്‍എംപിഐ, സിപിഐ, കോണ്‍ഗ്രസ്, ആര്‍ജെഡി, എല്‍ജെഡി, ജനകീയ മുന്നണി, മുസ്ലിം ലീഗ് റസിഡന്‍സ് അസോസിയേഷനുകളും, തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിന് ഇറങ്ങുമെന്നും മടപ്പള്ളിയിലെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുള്ള അനിവാര്യമായ ഈ സമരത്തില്‍ നമ്മള് ഓരോരുത്തരും പങ്കാളികളാവണമെന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു. സമരം ബ്ലാക്ക് പഞ്ചായത്ത് മെമ്പര്‍ ശശികല ദിനേശന് ഉദ്ഘാടനം ചെയ്തു. .മടപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വിനു ടി പി അധ്യക്ഷതവഹിച്ചു.


