കുന്ദമംഗലം: ഗോഡ്സെയെ പ്രകീര്‍ത്തിച്ച ചാത്തമംഗലം എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല. വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ ക്യാമ്പസില്‍ എത്താത്തത് എന്നാണ് സൂചന. എന്‍ഐടി അധികൃതര്‍ക്ക് ഔദ്യോഗികമായി ഷൈജ ആണ്ഡവന്‍ അവധിക്കുള്ള അപേക്ഷ നല്‍കിയിട്ടില്ല എന്നാണ് എന്‍ഐടി അധികൃതര്‍ പറയുന്നത്. കുന്ദമംഗലം പോലീസിന് ഇതുവരെ അധ്യാപികയെ നേരില്‍ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മൊഴിയെടുക്കല്‍ നീണ്ടു പോവുകയാണ്. അധ്യാപിക ഹാജരാവാത്തതിനാല്‍ ഇവരുടെ താമസസ്ഥലത്ത് നേരിട്ട് എത്തി നോട്ടീസ് കൈമാറാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
അതേസമയം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ട അധ്യാപിക ഷൈജ ആണ്ടവനെതിരെ പോലീസ് ദുര്‍ബലമായ വകുപ്പുകള്‍ ആണ് ചുമത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ നേരിട്ട് ജാമ്യം ലഭിക്കാവുന്ന കലാപാഹ്വാനത്തിനുള്ള 153 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട അധ്യാപിക സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ കമന്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ കലാപാഹ്വാനത്തിന് എസ്എഫ്ഐ കുന്ദമംഗലം ഏരിയ കമ്മിറ്റി കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപിക അവധിയെടുത്ത് ഒളിവില്‍ പോവുകയായിരുന്നു. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ കുന്ദമംഗലം പോലീസ് ഇന്ന് ഷൈജ ആണ്ടവന്‍ താമസിക്കുന്ന ചാത്തമംഗലത്തെ വീട്ടിലെത്തി മൊഴിയെടുക്കാന്‍സാധ്യതയുണ്ട്.


