സംഗീത സംവിധായകൻ ദേവ അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ നാനൂറിലേറെ സിനിമകൾക്ക് ദേവ സംഗീതം പകർന്നിട്ടുണ്ട് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ‘തെന്നിസൈ തെൻട്രൽ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേവയുടെ വിയോഗം തെന്നിന്ത്യൻ സംഗീതലോകത്തിനു തീരാനഷ്ടമാണ്.
1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകരിൽ ഒരാളായിരുന്നു. തനതായ ഈണങ്ങൾ, നാടൻ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള സംഗീതം എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങളാലപിക്കുകയും ചെയ്തു.
1986 ൽ ‘മാട്ടുക്കാര മന്നാരു’ എന്ന ചിത്രത്തിലൂടെയാണ് ദേവ തമിഴ് സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അണ്ണാമലൈ, ബാഷ, കാതൽ കോട്ടൈ, വാലി, ഖുഷി തുടങ്ങിയവയാണ് ദേവ സംഗീത സംവിധാനം ചെയ്ത ഹിറ്റ് സിനിമകൾ. ദ് പ്രിൻസ്, ഫാന്റം, കിങ് സോളമൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ദേവ സംഗീത സംവിധാനം നിർവഹിച്ചു. ഒട്ടേറെ നാടൻ പാട്ടുകളും ദേവയുടെ സംഗീത സംവിധാനത്തിൽ പിറന്നു. രജനീകാന്തിന്റെ പല ഹിറ്റ് സിനിമകളുടെയും ടൈറ്റിൽ കാർഡിൽ ഉപയോഗിക്കുന്ന സംഗീതം ദേവയാണ് ഈണമിട്ടത്. ഇളയരാജയുടെ ഒപ്പം പ്രവർത്തിച്ചാണ് ദേവ സിനിമയില്‍ സജീവമാകുന്നത്.


