ചേമഞ്ചേരി: ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായാണ് കണ്ണന്‍കടവ് ഗവണ്മെന്റ് ഫിഷറീസ് എല്‍.പി സ്കൂള്‍, സമഗ്ര ശിക്ഷാ കേരള ബിആര്‍സി പന്തലായനിയുമായി സഹകരിച്ച് ചേമഞ്ചേരി കാട്ടില പീടികയില്‍ സ്പര്‍ശം സായാഹ്ന സദസ്സ് സംഘടിപ്പിച്ചത്. കാനത്തില്‍ ജമീല എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പരിമിതികളെ കഴിവുകള്‍ കൊണ്ട് ചെറുത്തു തോല്‍പ്പിച്ച കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ കളിക്കാരന് മാഹിന്‍ ദിലീപ് മുഖ്യപ്രഭാഷണം നടത്തി. കവിയും ചിത്രകാരനുമായ യു.കെ. രാഘവന് മാസ്റ്ററുടെ നേതൃത്വത്തില്‍ ജനകീയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ട് പരിപാടി ആരംഭിച്ചു.
സുരേഷ് ഉണ്ണി, ഉദയേഷ് ചേമഞ്ചേരി, സുലേഖ എന്നിവര്‍ ചിത്രരചനയില്‍ പങ്കാളികളായി. കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മൊയ്തീന്‍കോയ, യു.കെ. രാഘവന് എന്നിവര്‍ സംബന്ധിച്ചു. പന്തലായനി ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ദീപ്തി ഭിന്നശേഷി ദിന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് കലാഭവന്‍ മണി പുരസ്കാര ജേതാവ് ബിജു അരിക്കുളത്തിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് പൂരം നടന്നു. കണ്ണന്‍കടവ് സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തംശ്രദ്ധേയമായി.


