Kozhikode Vision

ചെറൂപ്പ ആശുപത്രിയോടുള്ള അവഗണന ; കരിദിനം ആചരിക്കുമെന്ന് സമരസമിതി

ചെറൂപ്പ ആശുപത്രിയോടുള്ള അവഗണന ; കരിദിനം ആചരിക്കുമെന്ന് സമരസമിതി

ഉപരോധ സമരം പത്താം ദിവസത്തിലേക്ക് കടന്നു

കോഴിക്കോട് : ചെറൂപ്പ ഹെല്‍ത്ത് യൂണിറ്റിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി നടത്തിവരുന്ന ഉപരോധസമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കരിദിനം ആചരിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. 10 ദിവസമായി തുടരുന്ന ഉപരോധസമരം പരിഹരിക്കുന്നതിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ തയ്യാറാകാത്തിനെതുടര്‍ന്നാണ് സമരം മറ്റ് രീതിയിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. കരിദിനത്തോടനുബന്ധിച്ച് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധം പ്രകടിപ്പിക്കും. ഓട്ടോ തൊഴിലാളികളുംസമരത്തിന് പിന്തുണ നല്‍കും. കൂടാതെ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സമരമാര്‍ഗ്ഗങ്ങളുമായി സമരസമിതി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രിയില്‍ ഡോക്റ്റര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക.നേരത്തെ നിലവില്‍ ഉണ്ടായിരുന്ന നാല് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുക, കിടത്തി ചികിത്സ പുനസ്ഥാപിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭ്യമാവുന്നത്. ചെറൂപ്പ ആശുപത്രിയിലെ ഉപരോധസമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ മാവൂരിലെയും സമീപ പഞ്ചായത്തുകളിലെയും ബഹുജന സംഘടനകളും ജനപ്രതിനിധികളും മാധ്യമ കൂട്ടായ്മകളും സമരത്തിന് പിന്തുണയര്‍പ്പിക്കാന്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. മാവൂരിലെ മാധ്യമ കൂട്ടായ്മയായ മാവൂര്‍ പ്രസ് ക്ലബ് ഭാരവാഹികളും ചെറൂപ്പയിലെ ജനകീയ സമരത്തിന് പിന്തുണയുമായി സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി, സെക്രട്ടറി എം ഉസ്മാന്‍, പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് അമീന്‍ ഷാഫിദ്, അംഗങ്ങളായ ഗഫൂര്‍ കണിയാത്ത് രജിത്ത് മാവൂര്‍ തുടങ്ങിയവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. പത്താം ദിവസത്തെ ഉപരോധ സമരം പ്രമുഖ കലാകാരനായ ടി പി സി വളയന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം വിഎസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *