കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ, കുട്ടികളുടെ സ്വന്തം ‘ചാച്ചാജി’യുടെ ജന്മദിനമാണ് ഇന്ന.് ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന് ഉറച്ചുവിശ്വാസിച്ച നെഹ്റു കുട്ടികളെ സ്നേഹിച്ചും ലാളിച്ചും കുട്ടികള്‍ക്കുവേണ്ടി പദ്ധതികള്‍ തയാറാക്കിയും അവരെ ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റിയെടുക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു.
കുട്ടികളോട് സംവദിക്കാനും അവരോടൊപ്പം കളിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. കുട്ടികളെയെന്നപോലെ പനിനീര്‍ പൂക്കളേയും പക്ഷിമൃഗാദികളേയും നെഹ്റു ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് ശിശുദിനാഘോഷങ്ങളുടെ ലക്ഷ്യം.
അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി, രാഷ്ട്രതന്ത്രജ്ഞന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്‌റു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്. 1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു.


