കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഉപവാസ സമരം നടത്തുന്നു. മെയിന്റനന്‍സ് ഫണ്ട് അനുവദിച്ചതിലെ നീതിനിഷേധം ചൂണ്ടിക്കാട്ടിയാണ് കൊണ്ടോട്ടിയില്‍ നവകേരള സദസ്സ് നടക്കുന്ന ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉപവാസമനുഷ്ഠിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു, വൈസ് പ്രസിഡണ്ട് എ.കെ. അബ്ദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസം നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 97 ലക്ഷത്തി 51,000 രൂപ അനുവദിച്ച സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം കേവലം 51,000 രൂപ മാത്രമാണ് അനുവദിച്ചത്. ഇതുമൂലം കഴിഞ്ഞവര്‍ഷം ബ്ലോക്കിന് വിട്ടു കിട്ടിയ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെ 11 ഘടകസ്ഥാപനങ്ങളും മൂന്നു വ്യവസായ എസ്റ്റേറ്റുകളുടെയും ദൈനംദിന കാര്യങ്ങള്‍ താളം തെറ്റുന്ന അവസ്ഥയിലാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമാമുണ്ടായിരുന്ന പള്ളിക്കല്‍ പിഎച്ച്‌സി ഈ കഴിഞ്ഞവര്‍ഷം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആയി ഉയര്‍ത്തി കൈമാറിയതാണ്.
മൈന്റനന്‍സ് ഫണ്ടിന്റെ അപര്യാപ്തത മൂലം മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത് ദിനംപ്രതി 500 ല്‍ അധികം രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ഇതു മൂലം സാരമായി ബാധിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട മന്ത്രിമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നേരില്‍കണ്ടും രേഖാമൂലവും പലപ്രാവശ്യം കത്തുകള്‍ നല്‍കി സമീപിച്ചതാണ് .മാത്രമല്ല വള്ളിക്കുന്ന്, കൊണ്ടോട്ടി എംഎല്‍എമാര്‍ മുഖേന ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ് .എന്നാല്‍ നാളിതുവരെ യാതൊരു പരിഹാരവും ഉണ്ടാവാത്തതിനാലാണ് ഉപവാസമെന്ന് പ്രസിഡണ്ട്അറിയിച്ചു.


