അത്തോളി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. വണ്ടിപ്പെരിയാറിലെ ബാലികക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് വീഴ്ച ആരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
തുടര്‍ന്ന് ത്തോളി ടൗണില്‍ ചേര്‍ന്ന സായാഹ്ന ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസല്‍ അത്തോളി ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതി അര്ജുന് കുറ്റക്കാരനല്ലെന്ന് ഒറ്റവരിയില്‍ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2021 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം.
പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിരുന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനില്‍ കൊളക്കാട് അധ്യക്ഷനായി. രാജേഷ് കൂട്ടാക്കില്‍, ബിന്ദു രാജന്, സുരേഷ് മാണിക്കോത്ത്, ഷൗക്കത്ത് അത്തോളി, അജിത്ത് കുമാര്കരുമുണ്ടേരി, കെ പി ഹരിദാസന്, ഇയ്യാക്കണ്ടി മുഹമ്മദ,് കെ.വിജയലക്ഷ്മി, എന്നിവര്‍ നേതൃത്വംനല്കി.


