കൊയിലാണ്ടി: മയക്കുമരുന്നുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കീഴരിയൂർ പട്ടാംപുറത്തു മീത്തൽ സനൽ (27), നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ (26) എന്നിവരിൽനിന്നാണ് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയത്. സനലിന്റെ വീടിനുസമീപം നിർത്തിയിട്ട കെ.എൽ 18 ഡി 5681 നമ്പർ കാറിൽനിന്നാണ് 830 മില്ലിഗ്രാം എം.ഡി.എം.എയും 3.4 ഗ്രാം കഞ്ചാവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടി പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സർക്കിൾ ഇൻസ്പെക്ടർ എം.വി. ബിജു, എസ്.ഐമാരായ അനീഷ് വടക്കയിൽ, എം.പി. ശൈലേഷ്, എസ്.സി.പി.ഒമാരായ ജലീഷ് കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പരി ശോധന നടത്തിയത്. കാറും കസ്റ്റഡിയിലെടുത്തു.


