മാവൂര്‍: വാഴ കൃഷി വെട്ടി നശിപ്പിച്ചയാളെ പിടികൂടി. കഴിഞ്ഞ ദിവസമാണ് പെരുവയല്‍ ചെറുകുളത്തൂര്‍ എസ് വളവിലെ പാരമ്പര്യ കര്‍ഷകനായ കളത്തിങ്ങല്‍ വിനോദിന്റെ വാഴ കൃഷി വെട്ടി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുകുളത്തൂര്‍ പുളിക്കല്‍ സുബിന്‍ദാസിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. വ്യക്തി വൈരാഗ്യമാണ് വാഴ വെട്ടി നശിപ്പിക്കുന്നതിലേക്ക് പ്രതിയെ എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഴകള്‍ വെട്ടി നശിപ്പിച്ചതിന്റെ രണ്ടാം ദിവസം തന്നെ പ്രതിയെ പിടികൂടാന്‍ സാധിച്ചത്. എസ് വളവ് ഉണ്ടോടി പാടത്തെ മുന്നൂറ്റി എണ്‍പത് നേന്ത്രവാഴ തൈകളാണ് കഴിഞ്ഞദിവസം രാത്രി വെട്ടി നശിപ്പിച്ചത്. കൂടാതെ തൊട്ടടുത്തു തന്നെയുള്ള നെല്‍കൃഷിയും നശിപ്പിച്ചിരുന്നു. രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വാഴകൃഷി പൂര്‍ണ്ണമായി വെട്ടി നശിപ്പിച്ചത് കര്‍ഷകനായ വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നുമാസം മുന്‍പ് വെച്ച നേന്ത്രവാഴ തൈകളാണ് വെട്ടിനശിപ്പിച്ചത്. കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.വാഴകൃഷി നശിച്ചതോടെ കര്‍ഷകനായ വിനോദിന് അന്‍പതിനായിരം രൂപയിലേറെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്


