കോഴിക്കോട് : കട്ടാങ്ങല്‍, കള്ളന് തോട്, ഏരിമല, ചാത്തമംഗലം, നായര്‍ കുഴി എന്നിവിടങ്ങളില്‍ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനീകരമായി മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശരിയായ സംവിധാനമേര്‍പ്പെടുത്താത്ത ഒരു ലബോറട്ടറി അടപ്പിച്ചു. പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും , മതിയായ ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ഹോട്ടല്‍ ,ബേക്കറി, കൂള്‍ ബാര്‍, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങള്‍, ഫ്ലാറ്റുകള്‍, ലബോറട്ടറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്ത കടകളില്‍ നിന്നും പിഴയിടാക്കി. പരിശോധനയ്ക്ക് ചൂലൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജു കെ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുധീര്‍ രാജ് ഒ, ഇ അബ്ദുള്‍ റഷീദ്, എന്നിവര്‍ നേതൃത്വം നല്കി.


