കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബ(57)യെ ആണ് നാടുകാണി ചുരത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ താനൂര്‍ സ്വദേശി സമദ് (52), ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.
ഏതാനും ദിവസം മുമ്പാണ് സൈനബയെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയില്‍ സമദും സുലൈമാനും ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയതായി തെളിഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് സൈനബയെ കാറില്‍ കയറ്റി കൊണ്ടുപോയത്. സമദിന് ഇവരെ നേരത്തെ പരിചയമുണ്ട്. സൈനബയുടെ സ്വര്‍ണം കവരാനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
മറ്റുലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാറില്‍ വെച്ച് ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.


