Kozhikode Vision

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ ഭീഷണിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ ഭീഷണിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. ബാലുശ്ശേരിയില്‍ നടക്കുന്ന നവകേരള സദസില്‍ പങ്കെടുക്കണമെന്ന് പറഞ്ഞുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി സന്ദേശം നല്‍കിയ വൈസ് പ്രസിഡണ്ട് ബാലരാമന്റെ നടപടിക്കെതിരെയാണ് യുഡിഎഫ്് പ്രതിഷേധം.

യുഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉള്ളിയേരി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിജേഷ് അരവിന്ദ് ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി സിപിഎമ്മുകാരുടെയും ബാലരാമന്റെയും തറവാട് സ്വത്തല്ല എന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ചെയര്‍മാന്‍ അബു ഹാജി അധ്യക്ഷത വഹിച്ചു.

പ്രകടനുവുമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. ഏറെനേരം യുഡിഎഫ് പ്രവര്‍ത്തകരും പോലീസ് തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധത്തില്‍ യുഡിഎഫ് നേതാക്കളായ സാജിദ് കോറോത്ത് കെ.കെ. ഹമ്മദ് കോയ മാസ്റ്റര്‍, ഗണേശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

നവ കേരള സദസില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് വരെയുള്ള ഭീഷണി ഉണ്ടായിരുന്നെന്നും ഇതിനെതിരെയാണ് ശക്തമായ സമരപരിപാടി സംഘടിപ്പിച്ചതെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉള്ളിയേരി ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമാപിച്ചു.

ഈ മാസം 24,25,26 തീയതികളാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. അതേസമയം തൊഴിലുറപ്പ് തൊഴിലാളികള്‍ വരണമെന്ന് കരുതി സാന്ദര്‍ഭികമായി പറഞ്ഞതാണെന്നും അല്ലാതെ ഉത്തരവൊന്നുമില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *