മാവൂര്‍: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അന്‍പതാം വാര്‍ഷികത്തിന് തുടക്കമായി. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. സുവര്‍ണ്ണം ടു കെ 24 എന്ന പേരിലാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നടത്തുന്നത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അധ്യായനം ആരംഭിച്ച 1974 ലെ ആദ്യ അഡ്മിഷന്‍ നേടിയ ഇ. ബാബുരാജ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. ലോഗോയുടെ ഡിജിറ്റല്‍ പ്രകാശനം ചിത്രകാരനും കവിയുമായ ശ്രീകുമാര്‍ മാവൂര്‍ നിര്‍വഹിച്ചു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നന്ദിത്ത് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്. സുവര്‍ണ്ണം ടു കെ 24 എന്നാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പേരിട്ടത്. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ ആഘോഷങ്ങള്‍ തുടരും.
അന്‍പതോളം വ്യത്യസ്തമായ പരിപാടികളാണ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്. സുവര്‍ണ്ണ ജൂബിലിയുടെ വിളംബര റാലിയും ഉദ്ഘാടനവും ഡിസംബറില്‍ നടക്കും. പി.ടി.എ പ്രസിഡണ്ട് സുരേഷ് പുതുക്കുടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം എ.പി. മോഹന്‍ദാസ്, അധ്യാപകര്‍ പി.ടി.എ പ്രതിനിധികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍സംസാരിച്ചു.


