വടകര: പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. വടകര ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വളര്‍ന്ന് വരുന്ന തലമുറയില്‍ സൃഷ്ടിക്കേണ്ട നന്മയുടെ അവബോധമാണ് പ്രഭ പദ്ധതിയിലൂടെ പകര്‍ന്ന് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
സാമൂഹ്യ സേവനത്തിനുള്ള ത്യാഗ നിര്‍ഭരമായ സന്നദ്ധത ഇതുവഴി പ്രകടമാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എന്‍എസ്എസ് വടകര ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അജിത ചീരാംവീട്ടില്‍, എന്‍എസ്എസ് ആര്‍പിസി മനോജ് കുമാര്‍ കണിച്ചുകുളങ്ങര, ശ്രീനാരായണ എച്ച്എസ്എസ് മാനേജര്‍ കെ.കെ. ജനാര്‍ദ്ദനന്‍, ശ്രീ നാരായണ എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാങ്കണ്ടി, വടകര ക്ലസ്റ്ററിലെ വിവിധ സ്‌കൂളുകളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ എച്ച്എസ്എസ് ജില്ലാ കോര്‍ഡിനേറേറ്റര്‍മാരായ എസ്. ശ്രീചിത്ത് സ്വാഗതവും എം.കെ. ഫൈസല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പദ്ധതിയുടെ ഭാഗമായി വീല്‍ചെയറുകള്‍, വാട്ടര്‍ ബെഡ്ഡുകള്‍, ബിപി അപ്പാരറ്റസ്, ജെല്‍ പാക്ക്സ്, സ്റ്റതസ്‌കോപ്പ്, എയര്‍ സൈക്കിള്‍, വാക്കര്‍, ഊന്നുവടി, എക്സര്‍സൈസ് ടേബിള്‍, ഹിയറിങ് എയ്ഡ് ബാറ്ററികള്‍ തുടങ്ങി ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൂറോളം ഗുണഭോക്താക്കള്‍ക്കായിവിതരണംചെയ്തത്.


