വടകര: സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയ്ക്ക് നേരെയാണ് സംഘ്പരിവാര്‍ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വടകര മണിയൂരില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിന് ശേഷമായിരുന്നു ഭീഷണി. പുസ്തക പ്രകാശന ചടങ്ങില്‍ പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയാല്‍ കത്തി കയറ്റുമെന്ന് പറഞ്ഞാണ് സംഘ്പരിവാര്‍ സംഘം ഭീഷണിപ്പെടുത്തിയത്.
ചടങ്ങിലെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി നെഹറു പുസ്തക വായനക്കാരനായിരുന്നുവെന്നും മോദി എത്ര പുസ്തകം വായിച്ചു വെന്നതറിയില്ലെന്നും പരാമര്‍ശിച്ചിരുന്നു. രാമായണം മുഴുവനായി മോദി വായിച്ചതായി അറിയില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതായിരിക്കും ഇവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് സജയ് പറഞ്ഞു. സംഭവം കവി സച്ചിതാനന്ദന്‍ എഫ്ബിയില്‍ പോസ്റ്റ്ചെയ്തിട്ടുണ്ട്.


