കൊയിലാണ്ടി: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന സ്ഥലത്തിന് സമീപത്തായാണ് അനുമതിയുടെ മറവില്‍ ലോഡ് കണക്കിന് മണ്ണ് നീക്കം ചെയ്തത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും ലോഡ് കണക്കിന് മണ്ണാണ് ദിനംപ്രതി കടത്തിയത്. കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകമായതോടെയാണ് നടപടിയുമായി ജിയോളജി വകുപ്പ് രംഗത്തെത്തിയത്. അനുമതിയുടെ മറവില്‍ അനധികൃതമായി മണ്ണ് കടത്തുന്ന പ്രവൃത്തി ജിയോളജി വകുപ്പ് തടഞ്ഞു. സിവില്‍ സ്റ്റേഷന് സമീപം കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എന്ന പേരിലാണ് മണ്ണെടുപ്പിനായുള്ള അനുമതി വാങ്ങിയത്. അനുമതി നല്‍കിയിതിലും അധികമായി കുന്നിടിച്ച് മണ്ണെടുപ്പ് തുടര്‍ന്നതോടെ പരാതിയുമായി പ്രദേശവാസികള്‍ അധികൃതരെ സമീപിച്ചതോടെയാണ് മണ്ണിടിച്ചിലിന് കാരണമാകുന്ന തരത്തില്‍ മണ്ണെടുപ്പ് നടന്നതായി കണ്ടെത്തുന്നത്.
കുന്നിടിച്ചുള്ള അനധികൃത മണ്ണെടുപ്പ് സ്ഥലങ്ങള്‍ ജിയോളജി റവന്യു അധികൃതര്‍ പരിശോധന നടത്തി. മണ്ണെടുപ്പിന് അനുമതി നല്‍കിയുള്ള ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള സ്റ്റോപ്പ് മെമ്മോയും നല്‍കി. അനുമതിയുടെ മറവില്‍ കുന്നിടിച്ച് വ്യാപകമായി മണ്ണെടുപ്പ് നടത്തിയതായുള്ള പരാതിയിലാണ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പൊതുവെ മണ്ണെടുക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതിയുള്ളത്. എന്നാല്‍ സമയക്രമം പാലിക്കാതെ മണ്ണെടുപ്പ് തുടര്‍ന്നതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മണ്ണ് കയറ്റിയ ശേഷം അമിത വേഗതയില്‍ പോകുന്ന ടിപ്പര്‍ ലോറികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതേസമയം സംസ്ഥാനപാതയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ റോഡിലേക്ക് നീങ്ങിയ മണ്ണ് നീക്കം ചെയ്യാനും നിര്‍ദേശംനല്‍കി.


