കോഴിക്കോട് : വെള്ളിമാടുകുന്ന് ആഫ്ടര്‍ കെയര്‍ ഹോമില്‍ ഒരുക്കിയ ഹോം ലൈബ്രറി ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ഉള്‍കാഴ്ചകള്‍ നമ്മുടെ ചിന്തകളെ നവീകരിക്കാന്‍ സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ക്യാമ്പസുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘ഹാപ്പി ഹില്‍’ പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി ഒരുക്കിയത്.
കോഴിക്കോട് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് ഉള്‍പ്പെടെ ജില്ലയിലെ മറ്റു കോളേജുകളുടെ സഹകരണത്തോടെയാണ് ലൈബ്രറി സാധ്യമാക്കിയത്. രണ്ട് ആഴ്ചകളിലായി സംഘടിപ്പിച്ച സാമൂഹ്യ മാധ്യമ ക്യാമ്പയിന്റെ ഫലമായി നിരവധി പേരാണ് പുസ്തക ശേഖരണത്തില്‍ പങ്കാളികളായത്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പുസ്തകശാലകള്‍, സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ സമാഹരണത്തില്‍ പങ്കാളികളായി. ക്യാമ്പയിനിലൂടെ ആയിരത്തോളം പുസ്തകങ്ങള്‍ സ്വരൂപിച്ചു. ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍സാണ് പദ്ധതിയുടെ ഏകോപനം നിര്‍വഹിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി, സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗം, ഹോം സൂപ്രണ്ട് സല്‍മ പി.സി. തുടങ്ങിയവര്‍ സംസാരിച്ചു.
ആഫ്ടര്‍ കെയര്‍ ഹോമിലെ അന്തേവാസികളുമായി ഇടപഴകിയും അവരോടൊപ്പം സമയം ചെലവഴിച്ചുമാണ് കലക്ടര്‍ മടങ്ങിയത്.


