Kozhikode Vision

പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് സംസ്ഥാനം

പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് സംസ്ഥാനം

കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയത് 13,409 പേര്‍

കോഴിക്കോട് : പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 282 പേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പിനി ബാധയും സ്ഥിരീകരിച്ചു. കൊട്ടാരക്കരയില്‍ ഡെങ്കിപനി ബാധിച്ച് 72കാരന്‍ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജൂലൈയില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അരിയിച്ചു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം. കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

ജില്ലകളില്‍ ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും. ഹരിതകര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ പിന്തുണകൂടി ഉറപ്പ് വരുത്തും. വാര്‍ഡ് തലത്തില്‍ ആരോഗ്യ ജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, അരുമ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവബോധം ശക്തിപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *