പി വി അന്‍വറിന്റെ മിച്ച ഭൂമി സര്‍ക്കാരിന് തിരികെ നല്‍കിയില്ല. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കല്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയ മിച്ചഭൂമി, ബോര്‍ഡ് അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല. സമയപരിധിക്കുള്ളില്‍ അന്‍വര്‍ സ്വമേധയാ മിച്ചഭൂമി വിട്ടു കൊടുത്തില്ലെങ്കില്‍ ഏറ്റെടുക്കാന്‍ താമരശ്ശേരി തഹസില്‍ദാറെ ലാന്‍ഡ് ബോര്‍ഡ് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.മിച്ചഭൂമി തിരിച്ചു നല്‍കാന്‍ ഒരാഴ്ചയാണ് കഴിഞ്ഞ മാസം 26 ന് ചേര്‍ന്ന് ലാന്‍ഡ് ബോര്‍ഡ് യോഗം അന്‍വറിന് സമയം അനുവദിച്ചിരുന്നത്. അന്‍വറിന്റെയും കുടുംബത്തിന്റെയും പക്കല്‍ 6.2489 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് സ്ഥിരീകരിച്ചിരുന്നു. സമയപരിധിക്കുള്ളില്‍ അന്‍വര്‍ സ്വമേധയാ മിച്ചഭൂമി വിട്ടു കൊടുത്തില്ലെങ്കില്‍ ഏറ്റെടുക്കാന്‍ താമരശ്ശേരി തഹസില്‍ദാറെ ലാന്‍ഡ് ബോര്‍ഡ് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവു രേഖാമൂലം ഇതുവരെ തഹസില്‍ദാര്‍ക്കു ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്കു കഴിയുകയുമില്ല. എന്നാല്‍, മലപ്പുറം തൃക്കലങ്ങോട്ട് വില്ലേജിലെ 3 ഏക്കറോളം മിച്ചഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മഞ്ചേരി തഹസില്‍ദാര്‍ക്കു കഴിഞ്ഞ ശനിയാഴ്ച ലഭിച്ചിട്ടുണ്ട്.അതുപ്രകാരം അടുത്ത ശനിയാഴ്ച വരെ കാത്തിരുന്ന ശേഷം നടപടി സ്വീകരിക്കുമെന്നു മഞ്ചേരി താലൂക്ക് അധികൃതര്‍ വ്യക്തമാക്കി. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു മിച്ചഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നടപടിയായത്.അന്‍വറിനെതിരെ മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ ഷാജിയാണ് ലാന്‍ഡ് റവന്യൂ ബോര്‍ഡില്‍ പരാതി നല്‍കിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി പത്തോളം പ്ലോട്ടുകളാണ് പി.വി. അന്‍വര്‍ അനധികൃതമായി കൈവശം വെച്ചതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. അതേസമയം ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി.വി. അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.


