Kozhikode Vision

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങ്; ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്ക്

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങ്; ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കാട്: ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലം പാണല്‍ കണ്ടത്തില്‍ ഷറഫുദ്ദീന്റെ മകന്‍ റിഷാനാണ് വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച റിഷാനും കൂട്ടുകാരും കോളേജില്‍ വച്ച് എടുത്ത ഫോട്ടോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റിഷാനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്വന്തം ഫോട്ടോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് ഡിലീറ്റ് ചെയ്യില്ലെന്ന് റിഷാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി നല്‍കി. തിങ്കളാഴ്ച പതിവുപോലെ കോളേജില്‍ എത്തിയ റിഷാനെ 11 മണിയോടുകൂടി സംഘം ചേര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.

വാഹനത്തിന്റെ താക്കോല്‍ പോലുള്ള എന്തോ ഉപയോഗിച്ച് കണ്ണിന് കുത്തേറ്റതാണ് സാരമായി പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരിക്കേറ്റ റിഷാനെ ആദ്യം കോളേജ് അധികൃതര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ റിഷാന്റെ ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ പോലീസില്‍ രേഖാമൂലം പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *