കുറ്റിച്ചിറ: ബലക്ഷയം കാരണം അപകടാവസ്ഥയിലായ കുറ്റിച്ചിറ എകെജി പാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലപ്പഴക്കം കാരണം പാലത്തിനുണ്ടായ കേടുപാടുകള്‍ നേരില്‍ക്കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രാസ് ഐഐടിയുടെയും കോഴിക്കോട് എന്‍ഐടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ പാലത്തിന് അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1986ല്‍ നിര്‍മിച്ച പാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ 3.5 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രവൃത്തി നടക്കുന്ന വേളയില്‍ ഗതാഗത നിയന്ത്രണം ആവശ്യമായി വരുമെന്നും അക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള പാലം എന്ന നിലയിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബീച്ച് റോഡിലേക്കുള്ള വഴിയെന്ന നിലയിലുമുള്ള എകെജി പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അടിയന്തരമായി പാലം നവീകരിക്കുന്നത്.
ധാരാളമായി ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പാലവുമാണിത്. ആറു മാസം കൊണ്ട് നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും അതിനേക്കാള്‍ മുമ്പ് തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. യുനെസ്‌കോയുടെ സാഹിത്യ നഗരപദവി കൂടി ലഭിച്ച കോഴിക്കോട് നഗരത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. കോഴിക്കോട് കേന്ദ്രമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട് കൂടി യാഥാര്‍ഥ്യമാവുന്നതോടെ വലിയ ടൂറിസ്റ്റ് സിറ്റിയായി കോഴിക്കോട് മാറും.
പാലങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം അവയുടെ സൗന്ദര്യവത്ക്കരണം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള നവീകരണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. 4.47 കോടി രൂപ ചെലവില്‍ സിഎച്ച് മേല്‍പ്പാലം നവീകരിച്ചതിനു പുറമെ, കല്ലുത്താംകടവ് പാലത്തിന് 1.18 കോടി രൂപയും മാങ്കാവ് പാലത്തിന് 1.49 കോടി രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.കെ. രമ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് .വി.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയമാരായ ഷിനി .എന്‍.വി, അരുണ്‍ .കെ.എസ്, ഓവര്‍സിയര്‍ പ്രീതിന്‍ തുടങ്ങിയരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


