കോഴിക്കോട്: കോഴിക്കോട് സിറ്റി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോത്സവം 2023ന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് യു.കെ. കുമാരന്‍ നിര്‍വഹിച്ചു. വാര്‍ത്തകളറിയാന്‍ പത്രവായന മാത്രം പോരെന്നും, കുട്ടികള്‍ വായനയെ ഗൗരവമായി സമീപിക്കണമെന്നും യു.കെ. കുമാരന്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ സിറ്റി എഇഒഎം ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജിഎംയുപി സ്‌കൂള്‍ കല്ലായിയിലെ ഹെഡ്മിസ്ട്രസ് ട്രീസ മാത്യു ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രശസ്ത എഴുത്തുകാരി പി. വല്‍സലയുടെ നിര്യാണത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു.
തുടര്‍ന്ന് നടന്ന ശില്പശാലയില്‍ കഥാരചന, കവിതാരചന, കാവ്യാലാപനം, പുസ്തകാസ്വാദനം, ചിത്രരചന, നാടന്‍പാട്ട്, അഭിനയം എന്നീ മേഖലകളിലായി യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും മുന്നൂറില്‍പരം കുട്ടികള്‍ പങ്കെടുത്തു. സൂര്യനാരായണന്‍, എടച്ചേരി രാധാകൃഷ്ണന്‍, സുനില്‍ തിരുവങ്ങൂര്‍, അഷ്‌റഫ് വെള്ളയില്‍, ബിനീഷ് പള്ളിപ്പുറത്ത്, വിനീഷ് പി വാസു എന്നിവര്‍ ശില്പശാല നയിച്ചു. ഓരോ വിഭാഗത്തില്‍ നിന്നും യുപി ഹൈസ്‌കൂള്‍ തലത്തില്‍ ഏറ്റവും മികച്ച രണ്ടുപേര്‍ ജില്ലാതല സര്‍ഗോത്സവത്തിലേക്ക് യോഗ്യത നേടി. വിജയികള്‍ക്ക് ട്രോഫിയും പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സിറ്റി വിദ്യാരംഗം കോര്‍ഡിനേറ്റര്‍ നിഷ ആര്‍, വിദ്യാരംഗം ജില്ലാ പ്രതിനിധി സാജിത കമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു


