ഉള്ളിയേരി: ക്ഷീരകാര്‍ഷിക രംഗത്ത് വലിയ പ്രാധാന്യമുള്ള പ്രദേശമാണ് പന്തലായനിയെന്നും, അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോന്നും നടപ്പാക്കുന്നതെന്ന് കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പന്തലായനി ബ്ലോക്കിന്റെ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്തുകള്‍, മൃഗ സംരക്ഷണ വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മില്‍മ, ആത്മ കോഴിക്കോട്, കേരള ഫീഡ്സ്, സഹകരണ ബാങ്കുകള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡയറി എക്സിബിഷന്, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ്, ആത്മ കിസാന്‍ ഖോഷ്ടി, പൊതുസമ്മേളനം, ക്ഷീരവികസനസെമിനാര് എന്നിവയും നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അദ്ധ്യക്ഷനായി. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി. ക്ഷീരവികസന ഓഫീസര്‍ സജിത.പി ,അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുരാജന്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, സഹകാരികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍സംസാരിച്ചു.


