മാവൂര്‍: മാവൂര്‍ റോഡില്‍ വെള്ളിപറമ്പ് സബ്സ്റ്റേഷന് സമീപത്തെ വര്‍ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് കാറുകള്‍ പൂര്‍ണ്ണമായും വര്‍ഷോപ്പില്‍ ഉണ്ടായിരുന്ന മറ്റു കാറുകള്‍ ഭാഗികമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി 11:30 തോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അന്ഗിരക്ഷാസേനയെ അറിയിക്കുന്നത്. മുക്കം, മീഞ്ചന്ത ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുമായി മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീനിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
തീ ആളിക്കത്താന്‍ തുടങ്ങിയ ഉടന്‍തന്നെ നാട്ടുകാരും ഇതുവഴി യാത്ര ചെയ്തിരുന്നവരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടാതെ തീ കൂടുതല്‍ ആളിപ്പടരാന്‍ സാധ്യതയുള്ള സാധനങ്ങള്‍ വര്‍ക്ക് ഷോപ്പിന് അകത്തുനിന്നും ഉടന്‍ തന്നെ മാറ്റിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളില്‍ ഉള്ളവരെയും തല്‍സ്ഥാനത്ത് നിന്നും ഒഴിപ്പിച്ചു.
വര്‍ക്ക് ഷോപ്പിന് തൊട്ട് സമീപം തന്നെ കെ.എസ്.ഇ.ബിയുടെ ചാര്‍ജിങ് സ്റ്റേഷനും അതിനോട് ചേര്‍ന്ന് തന്നെ സബ്സ്റ്റേഷനും നിരവധി വീടുകളും സ്ഥാപനങ്ങളും പ്രവൃത്തിക്കുന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും കണക്ക് കൂട്ടിയപോലെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് അഗ്നിരക്ഷാസേനാ വിഭാഗം. തീപിടിത്ത സമയത്ത് വര്‍ക്ക്ഷോപ്പില്‍ മറ്റ് ആരും ഇല്ലാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കി. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്


