Kozhikode Vision

കടലോളം കാഴ്ച്ചകള്‍ കണ്ട് ഭിന്നശേഷി കുട്ടികള്‍; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ കപ്പലാണ് കുട്ടികള്‍ക്ക് വ്യത്യസ്ഥ കാഴ്ചയായത്

കടലോളം കാഴ്ച്ചകള്‍ കണ്ട് ഭിന്നശേഷി കുട്ടികള്‍; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ കപ്പലാണ് കുട്ടികള്‍ക്ക് വ്യത്യസ്ഥ കാഴ്ചയായത്

ബേപ്പൂര്‍: സിനിമകളിലും ചിത്രങ്ങളിലും കണ്ട് പരിചിതമായ കപ്പലും ആയുധങ്ങളും നേരില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എട്ടു വയസുകാരന്‍ വിനായകും പത്തു വയസുള്ള ഗൗതം കൃഷ്ണയും ബേപ്പൂരില്‍ നിന്നും മടങ്ങിയത്. ഇവരെപ്പോലെ ആരോഗ്യ കാരണങ്ങളാല്‍ വീടിനുള്ളില്‍ ഒതുങ്ങിപ്പോകേണ്ടി വന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പുതിയൊരു അനുഭവമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ഐ.സി.ജി.എസ് ആര്യമാന്‍ കപ്പലും സമ്മാനിച്ചത്. ബേപ്പൂര്‍ മണ്ഡലത്തിലേതുള്‍പ്പടെയുള്ള പൊതു, സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളാണ് വ്യാഴാഴ്ച കപ്പലുകള്‍ സന്ദര്‍ശിക്കാനായി എത്തിയത്.

കോസ്റ്റ് ഗാര്‍ഡ് കപ്പലിന് മുന്‍വശത്തായി സജ്ജീകരിച്ച ബൊഫോഴ്സ് തോക്കുകളും കപ്പലിന്റെ ബ്രിഡ്ജില്‍ രണ്ടു വശത്തുമായുള്ള അത്യാധുനിക എസ്ആര്‍സിജി തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും കൗതുകത്തോടെ കുട്ടികള്‍ കണ്ടു. ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയ പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളില്‍ സന്ദര്‍ശനം നടത്തി തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ നേരില്‍ കാണാനും തൊടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. സേനയെ പരിചയപ്പെടുത്താനും ഷിപ്പില്‍ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും ഫെസ്റ്റിന്റെ ഭാഗമായി പോര്‍ട്ടില്‍ ഒരുക്കിയ സ്റ്റാള്‍ സഹായകമായി.

വീട്ടില്‍ ഒരുങ്ങിപ്പോവുന്ന കുട്ടികള്‍ക്ക് ഇത്തരം യാത്രകള്‍ കൂടുതല്‍ ഊര്‍ജം പകരുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് കുട്ടികള്‍ക്ക് മധുരവും നല്‍കി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ എം ഗിരിജ, കെ രാജീവ്, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ എന്നിവര്‍സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *