തിരുവള്ളൂര്‍: കായിക വികസനത്തിന് സ്ഥലലഭ്യതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാക്കുന്നതില്‍ പ്രയാസം വരുന്ന സാഹചര്യത്തില്‍ കിട്ടുന്ന ചെറിയ അവസരങ്ങളില്‍ നിന്നുപോലും വലിയ സാധ്യതകള്‍ കണ്ടെത്തണമെന്ന് കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി പറഞ്ഞു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിമിത സൗകര്യം ആവശ്യമുള്ള ചെസ്സ് മുതല്‍ വിശാലമായ സൗകര്യം വേണ്ട ഫുട്‌ബോള്‍ വരെ നീണ്ടുകിടക്കുന്നതാണ് കായികരംഗം. ഇതിനു വേണ്ട അടിസ്ഥാന സൗകര്യവികസനത്തെ സൂക്ഷ്മതലത്തില്‍ സമീപിച്ച് മെച്ചപ്പെട്ട കായിക സംസ്‌കാരവും കായിക സമ്പദ്ഘടനയും രൂപപ്പെടുത്തിയെടുക്കാനാണ് സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മകള്‍ ഉണ്ടാക്കി കളിക്കളം ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.
ഡോ.റോയി ജോണ്‍ പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. അബ്ദുറഹ്‌മാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.സി. ഷീബ, സി.പി. വിശ്വനാഥന്‍, രഞ്ജിനി വെള്ളാച്ചേരി, ബവിത്ത് മലോല്‍, കെ.സി. നബീല, ഹംസ വായേരി, പി.പി. രാജന്‍, കെ. മൊയ്തീന്‍ മാസ്റ്റര്‍, എം.സി. പ്രേമചന്ദ്രന്‍, കെ.കെ. ബാലകൃഷ്ണന്‍, കെ.കെ. സുരേഷ്, എം.വി. കുഞ്ഞമ്മദ്, കെ. നസീര്‍, കെ. പ്രസീന ബാബു തുടങ്ങിയവര്‍ സംസാരിച്ചു.


