പുറമേരി: ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുളള കലാ മത്സരങ്ങള്‍ക്ക് പുറമേരിയില്‍ വര്‍ണാഭമായ തുടക്കം. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 2000ത്തോളം കലാകാരന്മാരാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. പുറമേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കലോത്സവ വേദിയില്‍ സമാപിച്ചു. പുറമേരി കെആര്‍എച്ച്എസ് സ്കൂളില്‍ മൂന്ന് ദിവസങ്ങളിലായി 60 ഇനങ്ങളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. ആദ്യ ദിനം ഓഫ് സ്റ്റേജ് മത്സരങ്ങളും നാടകവുമാണ് നടന്നത്. 12 ബ്ലോക്കുകളില്‍ നിന്നും ഏഴു മുനിസിപ്പാലിറ്റികളില്‍ നിന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നുമായി 2000ത്തോളം കലാകാരന്മാരാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ സ്റ്റേജ് ഇന മത്സരങ്ങള്‍ വിവിധ വേദികളിലായി നടക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. റീന, പി.പി. നിഷ, പി. സുരേന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദന്, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ ദീപു പ്രേംനാഥ്, പി.സി. ഷൈജു, ജില്ലാ യൂത്ത് ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.കെ. സുമേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് അബ്ദുല്‍ മുനീര്‍ .കെ നന്ദിയുംപറഞ്ഞു.


