വടകര: 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാര്‍ബണ്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. മില്ലറ്റ് കൃഷി രീതി മറ്റു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് . വടകര നഗരസഭ നടപ്പാക്കുന്ന തരിശു ഭൂമിയിലെ മില്ലറ്റ് കൃഷി പദ്ധതിയുടെ വിത്തിടല്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ് പദ്ധതി വിശദീകരിച്ചു. ഹരിത കേരളം സംസ്ഥാന മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ എസ്.യു. സഞ്ജീവ് മുഖ്യാതിഥിയായി. വടകര നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷന്‍മാരായ രാജിത പതേരി, എന്‍.കെ. പ്രഭാകരന്‍, എ.പി. പ്രജിത, എം. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
വടകര നഗരസഭയിലെ നാലാം വാര്‍ഡായ പഴങ്കാവ് ഫയര്‍ സ്റ്റേഷന് സമീപം 40 സെന്റ് സ്ഥലത്താണ് വിത്ത് വിതച്ചത്. മില്ലറ്റ് മിഷന്‍ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കൃഷിനടത്തുന്നത്.


