കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ‘വ്യാപാരികളെ ദ്രോഹിക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്കിന്റെ പേരില്‍ കടകളില്‍ കയറി വ്യാപാരികളെ പീഡിപ്പിക്കുന്നതും അന്യായമായ പിഴ ചുമത്തുന്നതും അവസാനിപ്പിക്കുക, വര്‍ദ്ധിപ്പിച്ച ട്രേഡ് ലൈസന്‍സ് ഫീസും ഉപരോധവും പിന്‍വലിച്ച് ലഘു വ്യവസ്ഥയിലൂടെ വ്യാപാര വ്യവസായ ലൈസന്‍സ് സാധ്യമാക്കുക, ഓരോകടകളിലും ശൗചാലയം നിര്‍മ്മിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുക, വഴിയോര കച്ചവടം നിയമംമൂലം നിയന്ത്രിക്കുക, വ്യാപാരിക്കു മാത്രമായി ഹരിത കര്‍മ്മ സേന മാസത്തില്‍ ഈടാക്കുന്ന തുക കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മാവൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് നാസര്‍ മാവൂരാനും, കുന്ദമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി എം ബാബുമോനും ഉദ്ഘാടനം ചെയ്തു. വേളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ സമരം കൊടശ്ശേരി യൂണിറ്റ് പ്രസിഡന്റ് ആര്‍.കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ കടകളില്‍ ജൈവവും അജൈവവുമായ പാഴ് വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് പൊതു വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമാണ് പ്രധാനമായും സമരക്കാര്‍ ഉയര്‍ത്തിയത്.
മാവൂരില്‍ നടന്ന പ്രതിഷേധ സമരത്തിന് എം. ഉസ്മാന്‍, കെ.വി.എം വാര്യര്‍, കെ. സേതുമാധവന്‍, ടി. മോഹന്‍ദാസ്, കെ. സഹദ് മോന്‍, സീത മനോഹരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്ദമംഗലത്ത് നടന്ന പ്രതിഷേധ സമരത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം. സുബൈര്‍ പടനിലം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുല്‍ നാസര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ എന്‍. വിനോദ് കുമാര്‍, കെ.കെ. ജൗഹര്‍ എന്നിവരും വേളൂരില്‍ നടന്ന പ്രതിഷേധത്തിന് അത്തോളി യൂണിറ്റ് പ്രസിഡന്റ് ഗോപാലന്‍ കൊല്ലോത്ത് അധ്യക്ഷനായി. കരിമ്പയില്‍ അബ്ദുല്‍ അസീസ്, രാജേഷ് ബ്രൈറ്റ്, ലിനീഷ് ആനശ്ശേരി എന്നിവരും നേതൃത്വം നല്‍കി.


