Kozhikode Vision

നടുവൊടിഞ്ഞ് കര്‍ഷകര്‍; നേന്ത്രവാഴകുലയുടെ വില ഗണ്യമായി ഇടിഞ്ഞു

നടുവൊടിഞ്ഞ് കര്‍ഷകര്‍; നേന്ത്രവാഴകുലയുടെ വില ഗണ്യമായി ഇടിഞ്ഞു

കോഴിക്കോട്: മഴക്കാലം കഴിഞ്ഞ് വേനല്‍ എത്തിയതോടെ വിപണിയില്‍ നേന്ത്ര കുലയുടെ ആവശ്യകതയും വിലയും ഉയരേണ്ട സമയമാണ്. എന്നാല്‍ വില ഉയരുന്നില്ല എന്നു മാത്രമല്ല സാധാരണ വില കുറയുന്നതില്‍ നിന്നും വ്യത്യസ്തമായി വലിയ തോതിലാണ് ഇത്തവണ വിലയിടിഞ്ഞത്.
വെട്ടിയെടുത്ത നേന്ത്രവാഴക്കുലകള്‍ വിപണിയില്‍ എത്തിക്കുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ 20 രൂപയോളം മാത്രമാണ് ഒരു കിലോ നേന്ത്രക്കായക്ക് ലഭിക്കുന്നത്. നേന്ത്രവാഴ കൃഷി ചെയ്യുന്ന കര്‍ഷകനെ സംബന്ധിച്ച് ഇത് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നേന്ത്രക്കുലകള്‍ കൂടുതല്‍ എത്തിയതാണ് ഇവിടെ വിലയിടിയാന്‍ കാരണമായി പറയുന്നത്. ഒരു നേന്ത്രവാഴ കന്നുവെച്ച് വിളവെടുക്കുന്നത് വരെ കര്‍ഷകന് 250 രൂപയോളം ചിലവ് വരും. കൂടാതെ അതുവരെയുള്ള കര്‍ഷകരുടെ അധ്വാനം വേറെയും വരും.

കോഴിക്കോട് ജില്ലയില്‍ ഏറെ വാഴ കര്‍ഷകരുള്ള മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ കര്‍ഷകരാണ് വിലയിടിഞ്ഞതോടെ വാഴ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ എത്തിയത്. ഏതാനും വര്‍ഷങ്ങളായി കാലാവസ്ഥ വ്യതിയാനവും കനത്ത കാറ്റിലും മഴയിലും നിരവധി കര്‍ഷകരുടെ വാഴകൃഷി നശിച്ചിരുന്നു. അന്നൊക്കെ ഉണ്ടായ നഷ്ടം നികത്താം എന്ന പ്രതീക്ഷയിലാണ് ഇത്തവണ കൂടുതല്‍ വാഴകൃഷി മിക്ക കര്‍ഷകരും ഇറക്കിയിരുന്നത്. ബാങ്ക് ലോണും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വലിയ പലിശയ്ക്ക് കടമെടുത്തുമാണ് മിക്ക നിയന്ത്രവാഴ കര്‍ഷകരും കൃഷിയിറക്കിയത്. പ്രതീക്ഷിച്ചതിലും മികച്ച വിളവ് ഓരോ കര്‍ഷകര്‍ക്കും ലഭിച്ചെങ്കിലും വാഴക്കുലകള്‍ വെട്ടി വില്‍ക്കുന്ന സമയത്ത് മുടക്ക് മുതല്‍ പോലും തിരികെ ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന വിധത്തില്‍ വിപണിയിലെ വില നിയന്ത്രിച്ചില്ലെങ്കില്‍ നേന്ത്രവാഴ കര്‍ഷകര്‍ വലിയ കടക്കണിയില്‍ ആവും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അടിയന്തരമായി നിയന്ത്രവാഴ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് കര്‍ഷകരുടെആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *