കെ സുധാകരനെതിരായ കേസിനെ പാര്‍ട്ടിയും നേരിടും
കോഴിക്കോട്: കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപണമുന്നയിക്കുന്നതെന്ന് കെ മുരളീധരന്‍ എം പി കുറ്റപ്പെടുത്തി. വിധിവന്ന കേസ് വീണ്ടും കുത്തിപ്പൊക്കി, പ്രതിപക്ഷത്തിലെ ശക്തരായ നേതാക്കളെ തേജോവധം ചെയ്യാനുള്ള ഹീനമായ മാര്‍ഗ്ഗമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും നേതാക്കന്മാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം ഉന്നയിച്ചു. 2019-ല്‍ പീഡനം നടന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ അന്വേഷിക്കേണ്ടത് പോലീസാണ്. കെ സുധാകരനെതിരായ കേസിനെ പാര്‍ട്ടിയും സുധാകരനും നേരിടും. ജയിലില്‍ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട രാഷ്ട്രീയ സംസ്‌കാരത്തിനുമെതിരായ പോരാട്ടം തുടരുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
മോന്‍സന്‍ മാവുങ്കലിന്റെ വഞ്ചനാ കേസില്‍ കെപിസിസി പ്രസിഡന്റിനെ രണ്ടാം പ്രതിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴാണ് പുതിയ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പോക്‌സോ കുറ്റത്തിന് മോന്‍സന്‍ മാവുങ്കലിനെ എറണാകുളം പ്രത്യേക പോക്‌സോ കോടതി ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചിരുന്നു.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2019 ല്‍ ആണ്. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിന്റെ എഫ്‌ഐആറിലോ അതിജീവിത കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലോ കെ സുധാകരനെതിരെ ഒന്നും പറയുന്നില്ലെന്ന് മോന്‍സണ്‍ മാവുങ്കലിന്റെ അഭിഭാഷകനും പറയുന്നു. കേസില്‍ മോന്‍സനെ കോടതി ശിക്ഷിച്ച ശേഷമാണ് പുതിയ ആരോപണം പുറത്ത് വരുന്നത്. അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായി നടത്തിയ പരാമര്‍ശത്തില്‍, പോക്‌സോ കേസില്‍ കെ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.


