ഒന്‍പതാമത് അന്തര്‍ദേശീയ യോഗാ ദിനം
കോഴിക്കോട് : പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുമായി യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഒന്‍പതാമത് അന്തര്‍ദേശീയ യോഗാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തിരഞ്ഞെടുക്കാനും ശരീരത്തിന്റെ ആവശ്യകതകളില്‍ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു യോഗ വഴി ചെയ്യുന്നത്. ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും യോഗ വലിയ വ്യത്യാസമുണ്ടാക്കുന്നുണ്ട്. ഇത്തരം ചിന്തകളിലേക്ക് വഴി നടത്താന്‍ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സന്ദേശം പ്രചോദനമാകട്ടെ എന്ന് മന്ത്രി പറഞ്ഞു.
തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആയുഷ് ക്ലബ് രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. ആയുഷ് വകുപ്പിന് കീഴിലുള്ള നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ”വസുധൈവ കുടുംബകം – ഏകലോക സമഗ്ര ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. സമുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.കെ മഹേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജു രാജ് എന്നിവര്‍ സംസാരിച്ചു.


