Kozhikode Vision

മണ്‍തുരുത്തിനെ തുരത്താന്‍…

മണ്‍തുരുത്തിനെ തുരത്താന്‍…

ചെറുപുഴയിലെ തുരുത്തുകള്‍ നീക്കം ചെയ്യുന്നു

കുന്ദമംഗലം: ചെറുപുഴ നവീകരണ പദ്ധതിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പുഴയില്‍ അടിഞ്ഞ് കൂടിയ മണ്‍തുരുത്തുകള്‍ നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടുക്കാനുള്ള പ്രവര്‍ത്തികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ചെറുപുഴയിലെ പിലാശ്ശേരി മണ്ണിലിടം കടവിലാണ് അടിഞ്ഞുകൂടിയ മണല്‍തുരുത്തുകള്‍ നീക്കം ചെയ്യുന്നത്. മഴക്കാലം എത്തുന്നതോടെ പുഴ ഗതിമാറി ഒഴുകുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയായ സഹാചര്യത്തിലാണ് മണല്‍തിട്ടുകള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ക്ക് തുടക്കംകുറിച്ചത്. കനത്ത മഴക്ക് ശേഷം പുഴകളില്‍ ശക്തമായ നീരൊഴുക്ക് കുറഞ്ഞതോടെ ചെറുപുഴയുടെ പല ഭാഗങ്ങളിലായി മണല്‍തുരുത്തുകള്‍ രൂപപ്പെട്ടത് പുഴയുടെ സ്വാഭാവിക ഒഴുക്കിനും തടസ്സം സൃഷ്ടിച്ചു. പുഴയുടെ നീരൊഴുക്കിന് തടസ്സമാകുന്ന രീതിയില്‍ മണല്‍തുരുത്തുകളും മരങ്ങളും വര്‍ളന്നതോടെ ചെറിയ മഴയില്‍ പോലും പുഴ ഗതിമാറി ഒഴുകി പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിച്ചതോടെയാണ് ചെറുപുഴ നവീകരിക്കാനുള്ള പദ്ധതിക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. ചെറുപുഴയിലെ പിലാശ്ശേരി മണ്ണിലിടം കടവില്‍ അടിഞ്ഞുകൂടിയ മണ്‍തുരുത്തുകളും പുഴയിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. മഴക്കാലം ശക്തിപ്രാപിക്കും മുന്‍പ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി നടപ്പാക്കി വരുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്വന്തം ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി തുടങ്ങി വച്ചിരുന്നു. ഈ വര്‍ഷവും ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ ഇറിഗേഷന്‍ ഡിപ്പോസിറ്റ് സ്‌കീം വഴി പദ്ധതിക്ക് തുടര്‍ച്ച നല്‍കിയതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മണ്ണില്‍ ഇടം കടവില്‍ രണ്ടാംഘട്ട മണ്ണെടുപ്പ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു തുടങ്ങി. പുഴകളില്‍ നിന്നും മണലെടുപ്പ് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെയാണ് പുഴകളില്‍ മണല്‍ അടിഞ്ഞ് തുരുത്തുകള്‍ രൂപപ്പെടാന്‍ തുടങ്ങിയത്. മണല്‍ പരപ്പുകള്‍ രൂപപ്പെട്ടതോടെ പുഴയുടെ ആഴവും കുറഞ്ഞ നിലയിലാണ്. ഇത് ചെറിയ മഴയില്‍പോലും വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ നിലവില്‍ ഇറിഗേഷന്‍ ഡിപ്പോസിറ്റ് സ്‌കിം പ്രകാരം പൂര്‍ത്തിയാക്കുന്ന ജോലികള്‍ക്ക് ശേഷം വരും വര്‍ഷങ്ങളിലും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. അതോടൊപ്പം വരുംകാലങ്ങളില്‍ ചെത്തുകടവ്, ഇല്ലംകടവ്, അമരക്കാട്ട് കടവ് എന്നിവിടങ്ങളിലും പുഴയുടെ നവീകരണം നടത്തുവാന്‍ പദ്ധതി തയ്യാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *