ചരിത്ര പ്രാധാന്യമുള്ള ലോകനാര്‍കാവ് ക്ഷേത്രം ടൂറിസം ഭൂപടത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ലോകനാര്‍കാവ് ക്ഷേത്രത്തില്‍ നിര്‍മിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലബാറില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചിലവ് കുറഞ്ഞ താമസ സൗകര്യം എന്നത് ഏറെ പ്രധാനമാണ്. താമസ സൗകര്യത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് കൊണ്ടുവന്നത് ഏറെ നേട്ടമായിട്ടുണ്ട്. 2023 നവംബര്‍ ആകുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം ഒന്നേ മുക്കാല്‍ ലക്ഷമാകും. ഇതുവഴി സര്‍ക്കാറിന് പത്ത് കോടിരൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ലോകനാര്‍കാവ് ക്ഷേത്രം ഇനിയുള്ള ദിവസങ്ങളില്‍ ലോകം കൂടുതലായി അറിയുമെന്നും സമീപത്തുള്ള പയംങ്കുറ്റിമല ടൂറിസം പരിപോഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെടിഐഎല്‍ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി റീന, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന , മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ, തുടങ്ങിയവര്‍ സംസാരിച്ചു.രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലോകനാര്‍കാവില്‍ പൂര്‍ത്തീകരിച്ചത്.
ലോകനാര്‍കാവിലെത്തുന്ന തീര്‍ഥാടന സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസില്‍ 14 ശീതികരിച്ച മുറികളും 11 കിടക്കകളുമുള്ള ഡോര്മിറ്ററിയുമാണുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയത്.


