കോഴിക്കോട്: നേരിട്ടുള്ള ലൈംഗിക അതിക്രമത്തിന് എതിരെയുള്ള 354 എ വകുപ്പ് പ്രകാരം നിലവില്‍ എടുത്തിരിക്കുന്ന കേസ് തള്ളിപ്പോവാന് സാധ്യതയുണ്ടെന്നു നിര്‍ദേശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുക്കലില്‍ സുരേഷ് ഗോപി പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. സംഭവത്തിനിടയാക്കിയ കാരണങ്ങളും വിശദീകരിച്ചു.
സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടിസ് അയയ്ക്കേണ്ട എന്നാണ് പൊലീസ് തീരുമാനം. 22ന് അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിക്കും. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊതുപവര്‍ത്തകനും മുന്‍ എംപിയുമെന്ന നിലയില്‍ വിശ്വാസത്തിലെടുത്താണ് നിബന്ധനകളോടെ വിട്ടയച്ചതെന്നാണ് വി്ശദീകരണം.
ഒക്ടോബര്‍ 27നു കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയുടെ ചുമലില്‍ പിടിച്ച സംഭവത്തിലാണ് കേസ് റെജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപി ചെയ്തത് അസ്വാഭാവികമായി തോന്നിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തെന്നും കാണിച്ചു മാധ്യമ പ്രവര്‍ത്തക നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസിലാണിപ്പോള്‍ പൊലീസ് നിയമോപദേശംതേടുന്നത്.


