ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുടുംബശ്രീ – തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി വാട്ട്സ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം നല്‍കിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും യുഡിഎഫും നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉള്ളിയേരി മണ്ഡലം മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. ഉള്ളിയേരി ഈസ്റ്റ് മുക്കില്‍ നിന്നും ആരംഭിച്ച പ്രകടനം ഉള്ളിയേരി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു.
നവകേരള സദസ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി സന്ദേശം അയച്ചത്. എഡിഎസ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വൈസ് പ്രസിഡന്റ് ബാലരാമന്റെ സന്ദേശമെത്തിയത്. നവകേരള സദസിന് പങ്കെടുക്കുകയും പ്രചാരണത്തിന്റെ ഭാഗമാവുകയും ചെയ്യാത്തവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട മസ്റ്റര്‍റോളില്‍ ഉള്‍പ്പെടുത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം. അദ്ദേഹത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ഉത്തരവുകളെ വളച്ചൊടിക്കുന്ന വൈസ് പ്രസിഡന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പ്രതിഷേധ യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സില്‍ജ ചമ്മൂങ്കര അധ്യക്ഷയായി. നടുവണ്ണൂര്‍ മഹിളകോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദുകോറോത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എ.സുമ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, എടാടത്ത് രാഘവന്‍, എന്‍.പി. ഹേമലത, സുരജ എന്നിവര്‍ നേതൃത്വംനല്‍കി.


