കോഴിക്കോട്: ഒരു കിന്റല്‍ തൂക്കവും അഞ്ചര അടി നീളവും മൂന്നടി ഉയരവും ഉള്ള കുമിഴ് മരത്തില്‍ തീര്‍ത്ത മയിലിന്റ ശില്പം. തിരുവമ്പാടി മറക്കാട്ടുപുറം മാര്‍ക്കോട്ടിരി സുബ്രമഹണ്യ സ്വാമിക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു വിഗ്രഹം പ്രതിഷ്ഠിച്ചത്. ഇത്രയും ഭാരവും നീളവും ഉയരവും ഉള്ള കരിങ്കല്ലില്‍ കൊത്തിയ ശില്പങ്ങള്‍ ഏറെ ഉണ്ടെങ്കിലും സൗത്ത് ഇന്ത്യയില്‍ തന്നെ ഒറ്റത്തടിയില്‍ തീര്‍ത്ത ആദ്യത്തെ മയില്‍ വിഗ്രഹമാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.
കോഴിക്കോട് മുണ്ടിക്കല്‍ താഴം സ്വദേശി വിനോദ് ആചാരിയാണ് ശില്‍പ്പി. തുടര്‍ച്ചയായി പണിയെടുത്താല്‍ മൂന്നുമാസം കൊണ്ട് തീര്‍ക്കേണ്ട ശില്പം ഒരു വര്‍ഷവും രണ്ടുമാസവും എടുത്താണ് പൂര്‍ത്തീകരിച്ചത്. മരക്കാട്ടുപുറം സ്വദേശിനിയും ക്ഷേത്രത്തിലെ ഭക്തയുമായ കുന്നുമ്മല്‍ വിലാസിനിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലസുബ്രഹ്‌മണ്യന്റെ വാഹനമായ മയില്‍ ശില്പത്തെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്.
കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് നിര്‍മ്മിച്ച ശില്പം മരക്കാട്ടുപുറം കല്പകശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ച് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടിയാണ് മാര്‍ക്കോട്ടിരി സുബ്രമഹണ്യ സ്വാമിക്ഷേത്രത്തിലേക്ക് എത്തിച്ചത്. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് അഡ്വ. പി.എ. സുരേഷ് ബാബു, ഷാജി.ബി.എം, ബാബു പൈക്കാട്ടില്‍, ബിജോഷ് കുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


