Kozhikode Vision

സാമ്പത്തിക ഇടപാടിന്റെ പേരില്‍ താമരശ്ശേരിയില്‍ യുവാവിന് ക്രൂരമര്‍ദനം

സാമ്പത്തിക ഇടപാടിന്റെ പേരില്‍ താമരശ്ശേരിയില്‍ യുവാവിന് ക്രൂരമര്‍ദനം

താമരശ്ശേരി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2 പേര്‍ യുവാവിനെ വിളിച്ചു കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇറക്കി വിട്ടതായി പരാതി. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ പരപ്പന്‍പൊയില്‍ പറയരുതൊടുകയില്‍ മുഹമ്മദ് അന്‍സാറിനെ (38) താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അന്‍സാറിന്റെ കൈകള്‍ക്കു പൊട്ടലുണ്ട്. കാലുകളിലും സാരമായ പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.

പണമിടപാട് സംബന്ധിച്ച് സംസാരിക്കാനെന്നു പറഞ്ഞ് താമരശ്ശേരിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ നിന്ന് ഒരു സുഹൃത്ത് ജീപ്പില്‍ കയറ്റി ചുങ്കത്ത് സ്വകാര്യ എസ്റ്റേറ്റില്‍ എത്തിച്ചു. അവിടെ കാത്തിരുന്ന സുഹൃത്തും ഒപ്പം ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് മുഹമ്മദ് അന്‍സാര്‍ താമരശ്ശേരി പൊലീസില്‍ നല്‍കിയ മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊടുവള്ളിയിലെ ആശുപത്രി പരിസരത്ത് അന്‍സാറിനെ അവശ നിലയില്‍ കണ്ട് പരിചയക്കാരന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വന്ന ബന്ധുക്കളാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളുമായി ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടില്‍ 90,000 രൂപ കൊടുത്തതാണന്നും ഇനി 10,000 രൂപ നല്‍കാനുണ്ടെന്നും അന്‍സാര്‍ പറഞ്ഞു. താമരശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *