കോഴിക്കോട്: മുസ്ലീം പള്ളിയുണ്ടെന്ന് കള്ളം പറഞ്ഞ് പി.വി. അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് നേടിയെന്ന് പരാതിക്കാരന്‍ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി. പാകുമണ്ണ വില്ലേജില്‍ അന്‍വറിന്റെ ആദ്യ ഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.70സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് അനുവദിച്ച് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടത്. കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.വി. ഷാജി.
പള്ളിക്കായി വഖഫ് ചെയ്ത സ്ഥലത്ത് മാത്രമാണ് മുസ്ലീം പള്ളി നിര്‍മ്മിക്കുക. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പള്ളി നിര്‍മ്മിക്കാറില്ല. മതവിശ്വാസത്തെപ്പോലും ഭൂപരിഷ്‌ക്കരണ നിയമത്തില്‍ നിന്നും രക്ഷനേടാന്‍ ദുരുപയോഗം ചെയ്ത പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ വി ഷാജിപറഞ്ഞു.
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന മിച്ചഭൂമി കണ്ടുകെട്ടണമെന്ന താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കണമെന്ന് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും കെ വി ഷാജി പറഞ്ഞു. എന്നാല്‍ ഈ പരാതി നിലനില്‍ക്കെ അന്‍വറിന്റെ വീട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സല്‍ക്കാരം കൂടുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. പക്ഷപാതിത്വമോ പ്രീണനമോ ഇല്ലാതെ ഭരണഘടന അനുസരിച്ച് നിയമം നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ലംഘനം നടത്തിയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് കെ.വി. ഷാജി കുറ്റപ്പെടുത്തി.
ഒരാഴ്ച്ചക്കകം പി.വി. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമാണ് ഉത്തരവിലുള്ളത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും പി.വി. അന്‍വര്‍ സ്വമേധയാ മിച്ചഭൂമി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയോ മാനുസൃതം നടപടിയെടുക്കേണ്ടുന്ന തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.വി.ഷാജി പറഞ്ഞു.


