കുന്ദമംഗലം: കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോള്‍ ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശിയായ അഖിലും കുടുംബവും അറിഞ്ഞിരുന്നില്ല കാട്ടുപന്നിയേക്കാള്‍ ക്രൂരതയാണ് മനുഷ്യന്മാര്‍ക്കെന്ന്. വിരിപ്പില്‍ പാടത്തെ സ്വന്തമായുള്ള 35 സെന്റ് വയലില്‍ ഒരാഴ്ച മുന്‍പ് സ്ഥാപിച്ച സംരക്ഷണവേലിയാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തെറിഞ്ഞത്. ഫയര്‍ഫോഴ്സ് ജീവനക്കാരനായ അഖില്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളാണ് കൃഷിക്കായി മാറ്റിവച്ചത്. കൃഷിയോടുള്ള അഖിലിന്റെ താല്‍പ്പര്യം കണ്ട് ഭാര്യ അമൃതയും കുടുംബവും ഒപ്പം കൂടി. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷിയില്‍ നിന്നും തരക്കേടില്ലാത്ത വരുമാനം ലഭിച്ച് തുടങ്ങിയതോടെയാണ് കൃഷി വിപൂലീകരിക്കാന്‍ തീരുമാനിക്കുന്നത്.
എന്നാല്‍ കൃഷിക്ക് ഭീഷണി തീര്‍ത്ത് കാട്ടുപന്നികൂട്ടങ്ങള്‍ എത്തി തുടങ്ങിയതോടെ നല്ല വിളവ് ലഭിച്ചിരുന്ന കപ്പകൃഷിയിലും പച്ചക്കറികൃഷിയിലും പിന്നീട് നഷ്ടങ്ങള്‍ നേരിട്ടു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് ആയിരക്കണക്കിന് രൂപ മുതല്‍ മുടക്കി കമ്പിവേലി കെട്ടിയത്. കൃഷിയിടത്തിലേക്കുള്ള കാട്ടുപന്നികളുടെ വരവിന് തടയിടാന്‍ സംരക്ഷണവേലികള്‍ക്ക് സാധിച്ചതിന്റെ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച കമ്പിവേലികള്‍ ഭാഗികമായി തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. പ്രദേശത്ത് തനിക്കോ കുടുംബത്തിനോ ശത്രുക്കളൊന്നും ഇല്ലാത്തിനാല്‍ തന്നെ അഖിലില്‍ അക്കാര്യം ഗൗരവത്തില്‍ എടുത്തതുമില്ല. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി ഇരുട്ടി മറവില്‍ സാമൂഹ്യവിരുദ്ധര്‍ കമ്പിവേലികള്‍ പൂര്‍ണ്ണമായും തകര്‍ത്തത്.
വലിയ ചിലവ് വരുന്ന കമ്പിവേലികള്‍ തകര്‍ത്തെറിഞ്ഞതോടെ കുടുംബവും ഭീതിയിലാണ്. സംഭവത്തിനെതിരെ കുടുംബം കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കൃഷിയില്‍ നിന്നും നേരിടേണ്ടി വരുന്ന നഷ്ടങ്ങളും മറ്റ് പല കാരണങ്ങളാല്‍ കര്‍ഷകര്‍ കൃഷിയില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന ഈക്കാലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് അഖിലിന്റെയും കുടുംബത്തിന്റെയും ആവശ്യം.


