മാവൂര്‍: നവീകരിച്ച് ഒരാഴ്ചക്കകം തകര്‍ന്ന റോഡ് വീണ്ടും കരാറുകാരുടെയും പിഡബ്ല്യുഡിയുടെയും നേതൃത്വത്തില്‍ അറ്റകുറ്റ പ്രവര്‍ത്തി നടത്താന്‍ എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോഴിക്കോട് ഊട്ടി ഹ്രസ്വദൂരപ്പാതയില്‍ മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള താത്തൂര്‍ പൊയിലിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിജിലന്‍സ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്ഥലത്ത് എത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഇപ്പോള്‍ നാട്ടുകാരുടെ നേതൃത്ത്വത്തില്‍ പ്രതിഷേധിച്ചത്.
എരഞ്ഞിമാവ് വരെ എട്ട് കിലോമീറ്റര്‍ ദൂരമാണ് ആറ് കോടി രൂപ ചിലവഴിച്ച് നവീകരിച്ചത്. ടാറിംങ് പൂര്‍ത്തിയാക്കിയിരുന്ന റോഡ് ആഴത്തില്‍ വിള്ളല്‍ വീഴുകയും റോഡിന്റെ മിക്ക ഭാഗങ്ങളും അരികിലേക്ക് ടാറിംങ് തെന്നി നീങ്ങുകയും ചെയ്തു. വിവാദമാവുകയും വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണിയുമായി കരാറുകാര്‍ രംഗത്തെത്തിയത്. അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പേ അറ്റകുറ്റപ്പണി നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയടാനുള്ള ശ്രമവുമായി മുന്നോട്ടു പോയാല്‍ ശക്തമായി നേരിടുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ്നല്‍കി.


