കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശമാണ് പുറത്ത് വന്നത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ കരീം പഴങ്കലും കൂടരഞ്ഞിയിലെ കോണ്‍ഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ചര്‍ച്ചയാകുന്നത്.
കൊടിയത്തൂര്‍ കോട്ടമ്മല്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖാമുഖവും നടത്തി. ഒന്നാം സ്ഥാനത്തെത്തിയ ആള്‍ ജോലി വേണ്ടന്ന് എഴുതി നല്‍കിയതിനാല്‍ കൂടരഞ്ഞി കൂമ്പാറ സ്വദേശിനിയായ രണ്ടാം റാങ്കുകാരിക്ക് നറുക്ക് വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കൂടരഞ്ഞിയിലെ കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ടതെന്നാണ് സൂചന. കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി സണ്ണി തന്നെയാണ് സംഭാഷണം പുറത്ത് വിട്ടതെന്നാണ് വിവരം. സണ്ണിയും കരീമും കോണ്‍ഗ്രസിലെ രണ്ട് ചേരിയിലെ നേതാക്കളാണ്. വിഷയത്തില്‍ നിയമ പരമായ നടപടി സ്വീകരിക്കണമെന്നും യുഡിഎഫിന്റെ നേതാക്കന്‍മാരും കോണ്‍ഗ്രസ് നേതാക്കളും മറുപടി പറയണമെന്നുമാണ് സിപിഐഎംമിന്റെ ആവശ്യം. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണമിതി രാജിവയ്ക്കണമെന്നും സിപിഐഎം ഏരിയ കമ്മറ്റി അഗം ജോണി ഇടശ്ശേരി പറഞ്ഞു. ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അന്‍പതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയില്‍ വലിയ തുക വാങ്ങാറുണ്ടന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുമുണ്ടന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം നാട്ടിലാകെയുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്


