താമരശ്ശേരി: പോലീസ് സംഘം വീട്ടില്‍ അന്വേഷിച്ചെത്തിയതിന്റെ വൈരാഗ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് അക്രമം നടത്തിയ കേസിലാണ് ആലപ്പിടമ്മല്‍ ഷാജിയെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കടന്ന ഷാജി മേശപ്പുറത്തുണ്ടായിരുന്ന ലാന്റ് ഫോണും ലാപ്ടോപ്പും നശിപ്പിച്ചു. അക്രമം തടയാനെത്തിയ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവ് കാരന്‍ സീനിയര്‍ സിപിഒ പി.എം. ഷിജുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും പോലീസുകാരെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഷാജിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതിനിടെ കോടതിയില്‍ നിന്നും ഇറക്കി കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഷാജി ഭീഷണി മുഴക്കി. അതേസമയം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സീനിയര്‍ സി പി ഒ ഷിജു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലാണ് ഷാജിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


