ചാത്തമംഗലം: ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാത്തമംഗലം നായര്‍കുഴി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതപാര്‍ക്ക് എന്ന ആശയം നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളയുടെയും സഹകരണത്തോടെ സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതി രാജ്യസഭ എംപി എളമരം കരീം ഉദ്ഘാടനം ചെയ്തു.
പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ്് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയ വല്‍ക്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഗണിത പാര്‍ക്കിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാര്‍ക്കിനുള്ളില്‍ ഒരുക്കിയ കോണിക്സ് ബര്‍ഗ് ബ്രിഡ്ജ് കുട്ടികളുടെ ചിന്താശേഷിയെ വളര്‍ത്താനും സഹായിക്കുന്നു. എസ് എസ് കെ അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ ഗണിത പാര്‍ക്ക് ഒരുക്കിയത്. ചടങ്ങിനോടനുബന്ധിച്ച് എം.പി എളമരം കരീമിന്റെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസും അധികൃതര്‍ക്ക് കൈമാറി.
അഡ്വ പി.ടി.എ. റഹീം എംഎല്‍എ അധ്യക്ഷനായി. കോഴിക്കോട് എസ്എസ്‌കെ, ഡിപിസി, ഡോ.എ.കെ. അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, കുന്ദമംഗലം എഇഒ, കെ.ജെ. പോള്‍ തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുന്ദമംഗലം ബ്ലോക്ക് ക്ഷേമകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം കെ നദീറ , ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റീന മാണ്ടിക്കാവില്‍, എം.ടി. പുഷ്പ, തുടങ്ങിയവര്‍സംസാരിച്ചു.


