Kozhikode Vision

കൈക്കൂലി വാങ്ങുന്നതിനിടയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ഫറോക്ക്: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഫറോക്ക് ജോയിന്റ് ആര്‍ ടി ഒ ഓഫീസിലെ എംവിഐ വിജിലന്‍സ് പിടിയില്‍. ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐ ആയ ജലീലാണ് പിടിയിലായത്. ഫറോക്കിലെ പുക പരിശോധന കേന്ദ്രത്തിന്റെ ഉടമയില്‍ നിന്നും പതിനായിരം രൂപയാണ് എം വി ഐ കൈക്കൂലിയായി വാങ്ങിയത്. നേരത്തെ പുക പരിശോധന കേന്ദ്രത്തിലെത്തിയ എംവിഐ ജലീല്‍ അവിടുത്തെ ലോഗിന്‍ ഐ.ഡി റദ്ദ് ചെയ്തിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിന് വേണ്ടി ഉടമ എംവിഐ ആയ ജലീലിനെ സമീപിച്ചു. എന്നാല്‍ ലോഗിന്‍ ഐ.ഡി പുനസ്ഥാപിക്കണമെങ്കില്‍ പതിനായിരം രൂപ തരണമെന്ന് പുക പരിശോധന കേന്ദ്രം ഉടമയോട് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ പുക പരിശോധന കേന്ദ്രം ഉടമ വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ പതിനായിരം രൂപ പുക പരിശോധന കേന്ദ്രം ഉടമയ്ക്ക് കൈമാറി. ഈ പണവുമായി ഇന്ന് രാവിലെ പുക പരിശോധന കേന്ദ്രം ഉടമ എം വിഐയുടെ അഴിഞ്ഞിലത്തെ വീട്ടിലെത്തി.
പതിനായിരം രൂപ കൈമാറിയശേഷം പുക പരിശോധന കേന്ദ്രത്തിന്റെ ഉടമ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍തന്നെ വിജിലന്‍സ് വിഭാഗം
എംവിഐയുടെ വീട്ടിലേക്ക് കയറി. സംശയം തോന്നിയ എംവിഐ ജലീല്‍ പണം അടുക്കള ഭാഗത്തെ ഒരു ചാക്കില്‍ നിക്ഷേപിച്ചു.

തുടര്‍ന്ന് വിജിലന്‍സ് ഡിവൈഎസ്പി സുനിലിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് അംഗങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണം കണ്ടെടുത്തു. നേരത്തെയും നിരവധി പരാതികള്‍ ഈ എംവിയെയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു എംവിഐ ആയ ജലീല്‍. ഇടുക്കി കാഞ്ഞാര്‍ സ്വദേശിയായ ജലീല്‍ രണ്ടുവര്‍ഷം മുമ്പാണ് സ്ഥലം മാറി ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ എത്തിയത്. വിജിലന്‍സിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരാക്കും.
കൈക്കൂലിക്ക് അറസ്റ്റില്‍ ആയതോടെ എംവിഐ ജലീലിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *